കണ്ണൂർ: ഭവന രഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷന്റെ ഭാഗമായി ചിറക്കൽ ഗ്രാമപഞ്ചായത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കുള്ള സമ്പൂർണ ഭവന നിർമ്മാണ പ്രഖ്യാപനം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേരളത്തിന്റെ പ്രശസ്തി ലോകത്തോളം ഉയരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിലൂടെ ലോകത്തിന് മാതൃകയായി ഇതിനോടകം 4,30,000 വീടുകൾ നിർമ്മിച്ചു. 50,000 ത്തോളം വീടുകൾ പൂർത്തീകരിക്കുവാൻ പോവുകയാണ്. നവംബറോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. അതിന്റെ ഭാഗമായാണ് ഭൂമിയുള്ളവർക്ക് ആദ്യ പരിഗണന കൊടുത്തും പിന്നീട് ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും വീടും നൽകുകയും ചെയ്യുന്നത്. വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി വിശിഷ്ടാതിഥിയായി.
സംസ്ഥാനത്തെ ഭൂമിയുള്ള അർഹരായ എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ്ണ ഭവന നിർമ്മാണ പ്രഖ്യാപനം. കണ്ണൂർ ജില്ലയിലെ ആദ്യ സമ്പൂർണ്ണ ഭവന നിർമ്മാണ പ്രഖ്യാപനമാണ് ചിറക്കൽ ഗ്രാമപഞ്ചായത്തിൽ നടന്നത്. അർഹരായ 146 കുടുംബങ്ങളാണ് വീടിനായി അപേക്ഷ സമർപ്പിക്കുകയും പഞ്ചായത്തുമായി കരാറിലേർപ്പെട്ട് ഭവന നിർമ്മാണ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തത്. 134 കുടുംബങ്ങൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള വീടുകളുടെ നിർമ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
ഈ സാമ്പത്തിക വർഷം തന്നെ ബാക്കിയുള്ള വീടുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ ഭൂരഹിത ഭവന രഹിത പട്ടികയിലുൾപ്പെട്ട 23 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി ഭവനം നിർമ്മിക്കുന്നതിനുള്ള ആനുകൂല്യവും നൽകിയിട്ടുണ്ട്.
കുടുംബത്തിലെ ഗൃഹനാഥയുടെ പേരിലാണ് ഭവനം അനുവദിക്കുക. ജനറൽ വിഭാഗത്തിൽ ഒരു റേഷൻകാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായി പരിഗണിച്ചും പട്ടിക ജാതി, പട്ടികവർഗ്ഗം, ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർ കുടുംബമായി പരിഗണിച്ചുമാണ് വീട് അനുവദിക്കുന്നത്. രേഖകൾ ഹാജരാക്കി കരാർ വെച്ച് ഭവന നിർമ്മാണം ആരംഭിച്ചാൽ 40,000 രൂപ ധനസഹായം അനുവദിക്കും. തറ പൂർത്തീകരിച്ച് ഹാജരാക്കുമ്പോൾ 1,60,000 രൂപയും, ചുമർ നിർമ്മാണം പൂർത്തീകരിച്ചാൽ 1,00,000 രൂപയും വീട് നിർമ്മാണം പൂർത്തീകരിക്കുമ്പോൾ 1,00,000 രൂപയും ഉൾപ്പെടെ ആകെ 4,00,000 രൂപ ധനസഹായമായി അനുവദിക്കും.
സംസ്ഥാന കേരളോത്സവത്തിൽ മൈമിൽ ഒന്നാം സ്ഥാനം നേടിയവരെയും ഭരതനാട്യത്തിൽ രണ്ടാംസ്ഥാനം നേടിയ കെ എം ദേവികയെയും പരിപാടിയിൽ അനുമോദിച്ചു.
Chirakkal Panchayat announced the construction of a complete house.